Saturday, June 16, 2018

റിസർവേഷൻ : സത്യവും മിഥ്യയും

റീസെർവഷന്റെ പേരിൽ SC/ST വിഭാഗത്തിൽ പെട്ടവരെ പരസ്യമായി അവഹേളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ജാതി അടിസ്ഥാനത്തിലുള്ള റിസർവേഷൻ വേണമോ വേണ്ടയോ എന്നതല്ല ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. മറിച്ചു ശരിക്കു SC/ST വിഭാഗത്തിൽ പെട്ടവർക്കണോ ഈ റിസർവേഷൻ എല്ലാം ലഭിക്കുന്നത്? 50% ജാതി റിസർവേഷൻ ശരിക്കും ആർക്കാണ് കിട്ടുന്നത്. അതാണ് ഇവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്. കേരള PSCയുടെ റിസർവേഷൻ റൂൾസും റോടേഷൻ ചാർട്ടും ആണ് അടിസ്ഥാനം.

കേരള PSC റൊടേഷൻ ചാർട് ആണ് ഇവിടെ  ചിത്രത്തിൽ കാണുന്നത്. അത് പ്രകാരം 50% ഓപ്പൺ കോംപെറ്റീഷൻ, ബാക്കി 50% റീസെർവഷൻ.

റീസെർവഷനിൽ തന്നെ ഏറ്റവും കൂടുതൽ ഈഴവ/തീയ്യ വിഭാഗത്തിനാണ് - 14%. തൊട്ടു പുറകിൽ മുസ്ലിം സമുദായം ആണ് - 12% ആകെ ഉള്ള റീസെർവഷന്റെ പകുതിയിൽ അധികം ഈ രണ്ടു സമുദായങ്ങൾക്കാണ് ലഭിക്കുന്നത്.

പിന്നെ ഉള്ളത് SC വിഭാഗം ആണ് 8%.  പിന്നീടുള്ളത് ലാറ്റിൻ കത്തോലിക്ക / ആംഗ്ലോ ഇന്ത്യൻ വിഭാഗം - 4%, വിശ്വകർമ, മറ്റു പിന്നോക്ക വിഭാഗക്കാർ എന്നിവയ്ക്ക് 3% വീതവും ആണ്.  ST വിഭാഗത്തിന് 2% ആണ് റിസർവേഷൻ ഉള്ളത്. SIUC നാടാർ, ധീവര, ഹിന്ദു നാടാർ, മറ്റു ക്രിസ്ത്യൻ വിഭാഗങ്ങൾ എന്നിവക്ക് 1% വീതം ആണ് റിസർവേഷൻ ഉള്ളത്.

കേവലം 10% (SC 8%, ST 2%) മാത്രം റീസെർവഷൻ ഉള്ള SC/ST വിഭാഗങ്ങൾക്ക് എല്ലാ റിസർവേഷനും ലഭിക്കുന്നു എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായ സാഹചര്യത്തിൽ ആണ് ഇത്തരം ഒരു ബ്ലോഗ് എഴുതേണ്ടി വരുന്നത്. അങ്ങനെ പ്രചരണം നടത്തുന്നവരിൽ, Say No to Reservation ക്യാമ്പയിൻ നായിക്കുന്നവരിൽ കൂടുതലും ശരിക്കും റിസർവേഷൻന്റെ ഗുണഫലം അനുഭവിക്കുന്ന സമുദായങ്ങളിൽ നിന്ന് ആണ് എന്നത് ഒരു വിരോധാഭാസം ആയിരിക്കാം.

Wednesday, June 13, 2018

വീണ്ടും ഒരു എഞ്ചിനീയറിംഗ് അഡ്മിഷൻ കാലം

എൻട്രൻസ് എക്സാം എഴുതി ഉയർന്ന റാങ്ക് നേടിയാൽ മാത്രം എഞ്ചിനീറിങ്ങിന് അഡ്മിഷൻ കിട്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നത്തെ പോലെ 170ൽ പരം കോളേജുകൾ ഇല്ലാതിരുന്ന ഒരു കാലം. എന്നാൽ ഇന്ന് സ്ഥിതി മാറി.
സർക്കാർ കോളേജുകൾ 9, എയ്ഡഡ് കോളേജുകൾ 3. ഇവ രണ്ടും ചേർന്ന് 12 കോളേജുകൾ. ഇത്തരം കോളേജുകളിൽ സർക്കാർ ഫീസ് നൽകിയാൽ മതിയാകും.
സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകൾ സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള CAPEനു കീഴിൽ 9, IHRDക്കു കീഴിൽ 9, LBSനു കീഴിൽ 2, KSRTC, കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കാലിക്കറ്റ് സർവകലാശാല, CCE എന്നിവക്ക് കീഴിൽ ഒന്ന് വീതം, ആകെ 25 കോളേജുകൾ. ഇവിടങ്ങളിൽ മെറിറ്റ് സീറ്റിനു 35000 രൂപയും മാനേജ്‌മെന്റ് സീറ്റിനു 65000 രൂപയും NRI സീറ്റിനു 100000 രൂപയുമാണ് വാർഷിക ഫീസ്. ഇതിനു പുറമെ NRI സീറ്റിൽ അഡ്മിഷൻ എടുക്കുന്നവർ 1.25 ലക്ഷം രൂപയുടെ 4 വർഷ കാലാവധിയുള്ള പലിശ രഹിത ഡിപോസിറ്റ് കൂടി നൽകണം. എന്നാൽ CAPEന്റെ കീഴിലുള്ള 9 എഞ്ചിനീയറിംഗ് കോളേജുകളിൽ ഈ ഡിപോസിറ്റ് നൽകേണ്ടതില്ല.
ഇനി ബാക്കിയുള്ള 138 കോളേജുകൾ സ്വകാര്യ സ്വാശ്രയ മേഖലയിൽ ആണ്. എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സർക്കാരുമായി കാലാകാലം ഉണ്ടാക്കുന്ന കരാർ അനുസരിച്ചാണ് ഇവിടങ്ങളിലെ ഫീസ് ഘടന. എൻട്രൻസ് കമ്മീഷണറുടെ വെബ്‌സൈറ്റിൽ ഓരോ കോളേജുകളും അവരവരുടെ ഫീസ് വിവരവും മറ്റു സൗകര്യങ്ങളും വിശദമായി വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറെ വർഷങ്ങളായി എഞ്ചിനീയറിംഗ് കോഴ്‌സുകളോട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും താല്പര്യം കുറഞ്ഞു വരുന്നതായി പൊതുവെ കാണപ്പെടുന്നുണ്ട്. കൂൺ പോലെ മുളച്ചു പൊന്തിയ എഞ്ചിനീയറിംഗ് കോളേജുകളേയും അവയിലെ പഠന നിലവാരവും നിയന്ത്രിക്കാൻ സർവകലാശാലകൾക്ക് കഴിയാതിരുന്നതാണ് ഒരു കാരണം. എഞ്ചിനീയറിംഗ് ഒരു പ്രൊഫഷണൽ കോഴ്സ് ആയതിനാൽ സർവ്വകലാശാല പരീക്ഷകൾ പാസ് ആകുന്നതിനോടൊപ്പം തൊഴിൽ മേഖലയിൽ ഉള്ള വൈദഗ്ധ്യം നേടുക കൂടി അത്യാവശ്യം ആണ്. നാസ്‌കോം ഉൾപ്പെടെ പല ഏജൻസികൾ നടത്തിയ പഠനങ്ങളിൽ എഞ്ചിനീയറിംഗ് ബിരുദം നേടുന്നവരിൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ തൊഴിൽ നൈപുണ്യം ഉള്ളു എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവികമായും ഇത് ബിരുദധാരികളിൽ തൊഴിലില്ലായ്മ ഉണ്ടാക്കും. ഇതാണ് മറ്റൊരു കാരണം. ബിസിനസ്സ് രംഗത്ത് നിലനിൽക്കുന്ന മാന്ദ്യം ഉൾപ്പെടെ മറ്റ് പല ബാഹ്യ കാരണങ്ങൾ കൂടി ഉണ്ടെങ്കിലും നല്ല പഠന നിലവാരത്തിൽ തൊഴിൽ നൈപുണ്യത്തോട് കൂടി പടിച്ചിറങ്ങുക എന്നത് അത്യന്താപേക്ഷിതമാണ്.

സ്കിൽ ഡെലിവറി പ്ലാറ്ഫോം ഓഫ് കേരള (SDPK), കേരള സ്റ്റാർട്ടപ്പ് മിഷൻ, ICT അക്കാദമി എന്നിവയെ ഉൾപ്പെടെ ഉപയോഗപ്പെടുത്തി കേരള സർക്കാർ ഇതിന് വിദ്യാർത്ഥികളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. കേരള ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KTU) ആണ് ഭൂരിഭാഗം കോളേജുകളും അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. നൂതന കോഴ്‌സുകളും മറ്റും തുടങ്ങിയും, കമ്പനികളിൽ സമ്മർ അവധിക്കാലത്ത്  2 ആഴ്ച നീളുന്ന സമ്മർ ഇന്റേർൺഷിപ് നിർബന്ധമാക്കിയും KTUവും ഈ ലക്‌ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നു.

തമിഴ് നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും എഞ്ചിനീറിങ്ങിന് ചേരുന്ന കുട്ടികളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. വളരെ താഴ്ന്ന വിജയ ശതമാനമാണ് ഇവയിൽ മിക്കതിലും. മുകളിൽ പറഞ്ഞിരിക്കുന്ന യാതൊരു വിധ നൈപുണ്യ പരിശീലനവും അവർക്കു ലഭിക്കുന്നുമില്ല. എന്നാൽ കമ്മീഷൻ വ്യവസ്ഥയിൽ കുട്ടികളെ വലവീശി പിടിക്കാൻ ഏജന്റ്മാരെ ഇറാക്കിയിരിക്കുകയാണ് അന്യ സംസ്ഥാന എഞ്ചിനീറിങ്ങ് കോളേജുകൾ.

ഇനി അല്പം ബിസിനസ്സ് ആകാം അല്ലെ? സർക്കാർ, എയ്ഡഡ് മേഖലകളിൽ ഉള്ള 12 കോളേജുകൾക്കു ഇത് ബാധകമല്ല കാരണം അവരുടെ ചിലവുകൾ വഹിക്കുന്നത് സർക്കാർ ആണ്. ഒരു കോളേജിൽ 60സീറ്റ് ആണ് സാധാരണ ഒരു ബ്രാഞ്ചിൽ ഉണ്ടാകുക. ഇതിനായി AICTE നിഷ്കർഷിക്കുന്ന 1:20 ഫാക്കൽറ്റി സ്റ്റുഡന്റ് അനുപാതം അനുസരിച്ചു 3 അധ്യാപകർ ആവശ്യമായി വരും. ഒരു അധ്യാപകന്റെ ശരാശരി ശമ്പളം 50000 രൂപ എന്ന് കണക്കാക്കിയാൽ, ഇവർക്ക് ശമ്പളം നൽകാനായി പ്രതിമാസം 1.5 ലക്ഷം രൂപയും, പ്രതിവർഷം 18ലക്ഷം രൂപയും വേണ്ടി വരും. 60 സീറ്റിൽ 30 സീറ്റ് മേരിറ്റിലും, 27 സീറ്റ് മാനേജ്മെന്റിലും 3 സീറ്റ് NRIയിലും ആണ് പൊതുവെ ഉണ്ടാകുക. CAPEന്റെ കോളേജുകളിൽ 36 സീറ്റ് മേരിറ്റിലും 21 സീറ്റ് മാനേജ്മെന്റിലും 3 സീറ്റ് NRI യിലും ആണ് ഉള്ളത്. ഒരു സീറ്റിലെ ശരാശരി ഫീസ് 50000 രൂപ എന്ന് കണക്കാക്കിയാൽ അധ്യാപകർക്ക് നല്കേണ്ടുന്ന 18 ലക്ഷം രൂപ നല്കാൻ ചുരുങ്ങിയത് 36 കുട്ടികൾ അഡ്മിഷൻ എടുക്കേണ്ടി വരും. മറ്റ് എസ്റ്റാബ്ലിഷ്മെന്റ് ചിലവുകളും ഇൻഫ്രാസ്ട്രക്ചർ ചിലവുകളും അനധ്യാപക ജീവനക്കാരുടെ ശമ്പളവും മറ്റും കണക്കിൽ എടുത്താൽ ചുരുങ്ങിയത് 45 കുട്ടികൾ എങ്കിലും പ്രതിവർഷം അഡ്മിഷൻ എടുത്താൽ മാത്രമേ ലാഭകരമായി പ്രവർത്തിക്കാൻ സാധിക്കു. എന്നാൽ അഡ്മിഷനിൽ വരുന്ന വരുമാന കുറവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പല സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളും

പരിചയസമ്പന്നരായ അധ്യാപകരെയും ടെക്നിക്കൽ സ്റ്റാഫിനെയും ഒഴിവാക്കി ഇപ്പോൾ പഠനം പൂർത്തിയാക്കിയ മുൻപരിചയം ഇല്ലാത്തവരെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്ന പ്രവണത കാണുന്നുണ്ട്. പരിചയ സമ്പന്നരായ അധ്യാപകരുടെ അഭാവം അധ്യാനത്തെ ദോഷകരമായി ബാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്നാൽ സർക്കാർ നിയന്ത്രണത്തിൽ ഉള്ള 25 സ്വാശ്രയ കോളേജുകൾക്ക് സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി പ്ലാൻ, നോൺ പ്ലാൻ ഫണ്ടുകൾ ലഭ്യമായാൽ കുറച്ചൊക്കെ നഷ്ടം നികത്താനാകും. ഇതിന് പുറമെ സഹകരണ സ്ഥാപനങ്ങളുടെ ലാഭ വിഹിതം കോപ്പറേറ്റീവ് ഡെവലപ്പ്മെന്റ് ഫണ്ട് ബോർഡ് വഴി CAPE കോളേജുകൾക്ക് ലഭ്യമാണ്.

ഈ പറഞ്ഞതിൽ കുറവ് അഡ്മിഷനും ഫീസും ഉള്ള കോളേജുകളുടെ നിലനിൽപ്പ് തന്നെ അവതാളത്തിൽ ആകും. പിടിച്ചു നില്ക്കാൻ ഉള്ള അവസാന ശ്രമമാണ് ഫീസും മറ്റും കുറച്ചുകൊണ്ടുള്ള (സ്കോളർഷിപ്പ് എന്ന ഓമന പേരിൽ) സ്വകാര്യ സ്വാശ്രയ കോളേജുകളുടെ നടപടികൾ.

കേരളത്തിന് അകത്തും പുറത്തുമുള്ള സ്വാശ്രയ മാനേജ്മെന്റുകൾ കണ്ടെത്തിയ മറ്റൊരു വഴി വിദ്യാർത്ഥികൾ ഓപ്ഷൻ കൊടുക്കാൻ പോകുന്ന ഇന്റർനെറ്റ് കഫെകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവയുടെ ഉടമസ്ഥരെയും ജീവനക്കാരെയും കമ്മീഷൻ വ്യവസ്ഥയിൽ സ്വാധീനിച്ചു അവരുടെ അജ്ഞതയെ മുതലെടുത്തു അഡ്മിഷൻ തരപ്പെടുത്തുക എന്നുള്ളതാണ്. പുതിയ അഡ്മിഷൻ എടുപ്പിക്കുന്ന നിലവിലുള്ള വിദ്യാർത്ഥികൾക്കും മറ്റും കമ്മീഷനും മറ്റു പരിതോഷികങ്ങളും നൽകുന്ന കോളേജുകളും നിലവിലുണ്ട് എന്നതിനാൽ ഈ മേഖലയിലെ അപചയം എത്രത്തോളം ഉണ്ട് എന്ന് മനസിലാക്കാം.

ഇത്തരം ചൂഷണങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാനായി സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകൾ എന്നീ വിഭാഗങ്ങളിൽ പെടുന്ന 37 കോളേജുകളെ അംഗീകൃത ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ ആയി ചുമതലപ്പെടുത്തിയിട്ടുണ്ട്. അത്തരം അംഗീകൃത ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്ററുകളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങളും മറ്റും നിവാരണം ചെയ്യുന്നതിനായി ഉദ്യോയോഗസ്ഥരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ മാർക്ക് അപ്ലോഡ് ചെയ്യാനും, ഓപ്ഷനുകൾ കൊടുക്കാനും ഉൾപ്പെടെ എഞ്ചിനീറിങ്ങിന് അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ ബന്ധപ്പെട്ട പ്രവർത്തികൾക്കും സൗകര്യം ഉണ്ടായിരിക്കും. ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ തീർത്തും സൗജന്യമായി നൽകുന്ന സേവനം പരമാവധി പ്രയോജനപ്പെടുത്തിയായൽ ചതിക്കുഴികൾ ഒഴിവാക്കാം. കേരളത്തിലെ അംഗീകൃത ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്ററുകളുടെ ലിസ്റ്റ് KEAM വെബ്സൈറ്റിൽ ലഭ്യമാണ്. ലിങ്ക് ഇതാണ് : https://cee.kerala.gov.in/keam2018/help/FCllist.pdf?tk=321c5abf5b2038d4f0293073d086fe7832bf2f7b

ചുരുക്കി പറഞ്ഞാൽ വീടിനു അടുത്തുള്ളതോ ഫീസ് കുറഞ്ഞതോ ആയിരിക്കരുത് കോളേജ് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം. നിലവാരം തന്നെയാകണം അതിനുള്ള മാനദണ്ഡം. കാരണം ഈ 4 വർഷങ്ങളാണ് ഭാവിയിലെ കരിയർ നിശ്ചയിക്കുന്നത്.
ഓരോ കോളേജുകളും അവരുടെ നിലവാരം ഉയർത്തിക്കാണിക്കുന്ന രീതിയിലുള്ള റാങ്കിങ് ലിസ്റ്റുകൾ ഇറക്കുന്നതിനാൽ അവ ഉപയോഗിച്ച് അഭിപ്രായം രൂപീകരിക്കുന്നത് ശരിയായ രീതിയല്ല. അതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കോളേജുകളെ പറ്റിയുള്ള അഭിപ്രായം രൂപീകരിക്കുന്ന വേളയിൽ ആധികാരികമായ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കുക.
1. എൻട്രൻസ് കമ്മീഷണറുടെ വെബ്സൈറ്റ്
http://www.cee-kerala.org/. ഇതിൽ നിന്നും ഓരോ കോളേജുകളിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിവരം ലഭിയ്ക്കും. അത്പോലെ തന്നെ കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് നിലയും ലഭിക്കും. എവിടെയാണ് അഡ്മിഷൻ കിട്ടാൻ സാധ്യത എന്ന് ഇത് മൂലം അനുമാനിക്കാം.
2. NBA അസിക്രെഡിറ്റേഷൻ ഉള്ള കോളേജുകളുടെ വിവരങ്ങൾ KTU വെബ്സൈറ്റിൽ ലഭ്യമാണ്. https://ktu.edu.in/eu/afn/nbaAccreditedInstitutes.htm?=bUtXCM3SWpzJlhYaB%2BrKA7pMYQ1l1QUWprI%2FPL5sasK%2FHNbHl%2B17PsWrm%2F63vPLM
3. KTU വെബ്സൈറ്റിൽ ഉള്ള Affiliated Colleges എന്ന ലിങ്ക്. https://ktu.edu.in/eu/afn/affiliationInstitutes.htm?=utBOj6QwAcQzRWBOCAp4w%2BYuoHiUf%2FYvRFNGU8435%2F8%2BZ5XMVJgA95NcHjJqJDAp. ഇതിൽ ഓരോ കോളേജുകളുടെ പേരിനു താഴെ ഉള്ള Affiliated Programs എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ കഴിഞ്ഞ വർഷങ്ങളിലെ അഡ്മിഷൻ വിവരങ്ങൾ ലഭിക്കും.
4. KTU വെബ്സൈറ്റിൽ ഉള്ള Results ലിങ്ക്. https://ktu.edu.in/eu/res/resultAnalysis.htm?=uKxzB4cOsHwv5ua5o7BPZ9SpJSWiW9DLqwPuwrQV7Cc%3D. ഇതിൽ കോളേജുകളിലെ വിജയ ശതമാനം ലഭ്യമാണ്.

വിജയ ശതമാനവും അഡ്മിഷൻ വിവരങ്ങളും (മുകളിൽ പറഞ്ഞ പോയിന്റ് 4, 3) താരതമ്യം ചെയ്താൽ കോളേജുകളുടെ ഗുണനിലവരത്തെ പറ്റി ഏകദേശ ധാരണ ലഭിക്കും.

എഞ്ചിനീയറിംഗ് കോളേജും കോഴ്‌സും തിരഞ്ഞെടുക്കുന്നതിനെ പറ്റി നേരത്തെ എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല. ലിങ്ക് ചേർക്കുന്നു : http://vaisakhg.blogspot.com/2016/06/blog-post.html?m=1

വാൽക്കഷ്ണം: നിങ്ങള്ക്ക് വിലക്കുറവിൽ എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ സർക്കാർ സബ്സിഡി (ധനസഹായം) ഉണ്ടാകണം, അല്ലെങ്കിൽ അതിന്റെ ഗുണനിലവാരത്തിൽ എന്തെങ്കിലും കുഴപ്പം കാണും. പ്രസിദ്ധമായ ഇംഗ്ളീഷ് പഴഞ്ചൊല്ല് പോലെ "There is nothing like free beer"