Tuesday, February 13, 2018

ചില്ലറ സോഷ്യൽ മീഡിയ ചിന്തകൾ

സന്ധ്യക്ക്‌ നാമം ചൊല്ലണം,
അതും ഉറക്കെ,

അമ്പലക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പാടില്ല,
സോപ്പ് ഉപയോഗിക്കാന്‍ പാടില്ല.!

പാമ്പും കാവില്‍ നിന്ന് ഒരു ചുള്ളികമ്പു പോലും ഒടിക്കാന്‍ പാടില്ല.!

ഭക്ഷണം കഴിക്കുമ്പോള്‍ ഒരു വറ്റ് പോലും കളയാന്‍ പാടില്ല.!

മുതിര്‍ന്നവരെ ചവുട്ടാന്‍ പാടില്ല,
അഥവാ ചവുട്ടിയാല്‍ തൊട്ടു നെറുകയില്‍ വെക്കണം.!

തുളസി, കറുക, ബ്രഹ്മി..
ഇതൊന്നും നശിപ്പിക്കാന്‍ പാടില്ല.!

ഇതൊക്കെ , എഴുപതുകളില്‍ ,
ഒരു ശരാശരി നാട്ടിന്‍പുറത്ത് കുട്ടികള്‍ കേട്ട് പഴകിയ 'അരുത്'കളാണ്,
നിര്‍ബന്ധങ്ങളും !

വേറെയും ഉണ്ട് ഇതുപോലെ ഉള്ള ആചാരങ്ങള്‍,
മര്യാദകള്‍..

പക്ഷെ എണ്‍പതുകളില്‍ ഇതിനെയൊക്കെ ചോദ്യം ചെയ്യാനുള്ള 'യുക്തി'വാദം മനസ്സില്‍ കയറിയത് പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും അവരുടെ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്‌.

ഇല്ലെങ്കില്‍?
ചെയ്താല്‍?
എന്തുണ്ടാകും?
എന്നിങ്ങനെ ധാര്‍ഷ്ട്യം കലര്‍ന്ന വെല്ലുവിളികള്‍ ഉയര്‍ത്താന്‍ തുടങ്ങി.

സത്യമാണ്,
നാമം ചൊല്ലാതിരിന്നത് കൊണ്ടു മാത്രം പരീക്ഷക്ക്‌ മാര്‍ക്ക് കുറഞ്ഞൊന്നും ഇല്ല!

അമ്പലക്കുളത്തില്‍ മീന്‍ പിടിച്ചത് കൊണ്ടൊ,
സോപ്പ് ഉപയോഗിച്ചത്‍ കൊണ്ടൊ അപകടം ഒന്നും വന്നില്ല!

പാമ്പും കാവില്‍ നിന്ന് കാരപ്പഴം തിന്നിട്ട് വായില്‍ പുണ്ണും വന്നില്ല..!

മുതിര്‍ന്നവരെ ചവുട്ടിയിട്ടു കാലില്‍
മന്ത് വന്നില്ല.!

പക്ഷെ...!
കുളങ്ങളായ കുളങ്ങള്‍ എല്ലാം മാലിന്യം കൊണ്ടു കൊഴുത്തു ചുവന്നു പോയി!

സന്ധ്യക്ക്‌ എല്ലാവരും ടീവിയുടെ മുന്നിലായി..

പച്ചത്തുരുത്ത് ആയിരുന്ന കാവുകള്‍ വെട്ടി വെളുപ്പിച്ചു!

ഒരു മണി അരി ഉണ്ടാക്കുന്നതിന്‍റെ കഷ്ടപ്പാട് ആരും പറയാതെയായി,
അറിയാതെയായി!

മുതിര്‍ന്നവരോട്
ഒട്ടും ബഹുമാനം ഇല്ലാതെയും ആയി..

തുളസിയും, കറുകയും, ബ്രഹ്മിയും..
നട്ടാൽ മുളക്കാതെയായി..

കാണുന്നത് പരസ്യങ്ങളില്‍ മാത്രമായി..!!

എന്ത് 'യുക്തി' ആയിരുന്നു ഇത്തരം നിര്‍ദോഷ ആചാരങ്ങളെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന്
ഇന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നും.

വിശ്വാസങ്ങള്‍ അന്ധമാകാതിരിക്കണം എന്നത് പോലെതന്നെ,
എതിര്‍പ്പുകളും അന്ധമാകാതിരിക്കണം എന്ന് തിരിച്ചറിയാന്‍ വൈകിപോകുന്നത് അത്ര നല്ല ലക്ഷണം അല്ല.

പ്രകൃതിക്ക് ഇണങ്ങുന്ന,
അതിനെ സംരക്ഷിക്കുന്ന
എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അങ്ങിനെതന്നെ നിലനിര്‍ത്താന്‍
കുറച്ചു തീവ്രവാദി ആകുന്നതില്‍ തെറ്റില്ല എന്ന് ഇപ്പോള്‍ തോന്നുന്നു!

ചായ കുടിച്ചു കഴിഞ്ഞ് വലിച്ചെറിയാന്‍ പാകത്തിലുള്ള
ഒരു Disposable ഗ്ലാസ്‌ അല്ലല്ലോ ഈ ഭൂമി!

നമുക്ക് കിട്ടിയ കോലത്തിലെങ്കിലും,
അടുത്ത തലമുറയ്ക്ക് ഇത് കൈമാറാന്‍ നമുക്ക് ഉത്തരവാദിത്വം ഉണ്ട്!                

കടപ്പാട്..... ഏല്ലാ പഴമക്കാർക്കും

നിങ്ങളിൽ പലർക്കും ഇങ്ങനെ ഒരു മെസേജ്‌  കിട്ടിയിട്ടുണ്ടാകും. ഇതിനെ പറ്റി ചില നിരീക്ഷണങ്ങൾ.

1. സന്ധ്യക്ക് നാമം ചൊള്ളതതു കൊണ്ടല്ല എല്ലാവരും സീരിയലിന്റെ മുന്നിൽ ആയതു. പണ്ട് ആ ഒപ്ഷൻ ഇല്ലായിരുന്നു. ഇപ്പൊൾ ഉണ്ട്. സീരിയലിന്റെ മുന്നിൽ ഇരിക്കുന്നവർ യുക്തി വാദികൾ അല്ല. പൊതുവിൽ യുക്തിവാദികൾ സീരിയൽ കാണാൻ സാധ്യത കുറവാണ്. കാരണം സീരിയലിൽ യുക്തിക്ക് നിരക്കുന്ന ഒന്നും കാണാനില്ല. നാമം ചൊല്ലാൻ ആളെ കിട്ടാത്തതിന് യുക്തിവാദികൾ എന്ത് പിഴച്ചു.

2. അമ്പലകുളത്തിൽ സോപ്പ് ഉപയോഗിക്കണം എന്നല്ല യുക്തി വാദികളുടെ നിലപാട്, വേറെ കുളങ്ങളിൽ ഉപയോഗിക്കുന്നു എങ്കിൽ അമ്പലകുളത്തിൽ മാത്രം എന്ത് കൊണ്ട് പാടില്ല? ഒരു കുളത്തിലും ഉപയോഗിക്കരുത് എന്നതതാണ് ശരിയായ നിലപാട്. ഇവിടെയും യുക്തിവാദികൾ എന്ത് പിഴച്ചു?

3. കാവിൽ നിന്നും ചെടി ഓടിക്കരുത് എന്ന് കള്ളം പറഞ്ഞു പഠിപ്പിച്ചത് കൊണ്ടാണ് കാവ് വെട്ടിത്തെളച്ചിട്ടും ഒന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ അവർ കാവായ കാവോക്കെ വെട്ടി തെളിച്ചതു. കള്ളം പറഞ്ഞു പഠിപ്പിക്കാതെ കാട് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്നു പറഞ്ഞു പഠിപ്പിച്ചിരുന്നെങ്കിൽ എത്ര പ്രയോജനം ഉണ്ടയെനെ. അതാണ് യുക്തിവാദികളുടെ വഴി. അതാണ് ശരിയും.

4. മുതിർന്നവരെ ബഹുമാനിക്കേണ്ട എന്ന് യുക്തി വാദികൾ പഠിപ്പിച്ചിട്ടില്ല. അത് പഠിപ്പിച്ചത് പുരാണങ്ങൾ ആണ്. സ്വന്തം അമ്മാവനെ കൊന്ന ശ്രീകൃഷ്ണൻ ആണല്ലോ മുത്തവരെ ബഹുമാനിക്കണം എന്ന് പഠിപ്പിക്കുന്ന നല്ല ഉദാഹരണം. അതുപോലെ പ്രഹ്ലാദന്റെ കഥ. എന്നിട്ട് പിള്ളേര് ബഹുമാനം തരാത്തതിന് യുക്തിവാദി എന്ത് പിഴച്ചു.

5. അരിമണി ഉണ്ടാക്കാനുള്ള കഷ്ടപ്പാടും യുക്തിവാദികളും തമ്മിലുള്ള ബന്ധം എന്താണ് എന്ന് മനസിലായില്ല.

6. പിന്നെ ഇതിൽ പറഞ്ഞതിൽ ശരിയായ ഒരു കാര്യം, ലോകം നമുക്ക് കിട്ടിയ കോലത്തിൽ എങ്കിലും അടുത്ത തലമുറക്ക് കൊടുക്കണം എന്നാണ്. അതിനു വേണ്ടത് ശാസ്ത്രീയമായ സമീപനവും യുക്തിഭദ്രമായ ചിന്തകളും പ്രവർത്തികളും ആണ്. അല്ലാതെ ഉടായിപ്പ് "അരുത്"കൾ അല്ല.

7. തീവ്രവാദി ആകുന്നതും ആകത്തിരിക്കുന്നതും ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. തീവ്രവാദി ആകണമെങ്കിൽ അതങ്ങ് ആയാൽ പോരെ? വെറുതെ യുക്തിവാദികളുടെ നെഞ്ചത്തോട്ട് കയറുന്നത് എന്തിനാ?

1 comment:

  1. TITanium Rental | www.titanium-arts.com - T-I, LLC
    TITanium Reservation black titanium wedding bands details; Policies; Contact; titanium dioxide Phone Number; Contact Information; Benefits; Reviews; Ratings. The T-I titanium wire Company micro hair trimmer is based in iron titanium Malta, Malta. T-I

    ReplyDelete